ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന മറ്റൊരു ട്വന്റി-20. വാർത്തകൾ ഇങ്ങനെ. ആവേശത്തോടെ ആരാധകർ.
ഹിറ്റ് മേക്കർ ജോഷി സംവിധായകനായി മലയാളത്തിലെ സൂപ്പർതാരങ്ങൾ അടക്കം പ്രമുഖ നടീനടന്മാർ അഭിനയിച്ച ചിത്രമായിരുന്നു ട്വന്റി 20. 2008ലാണ് ചിത്രം പുറത്തിറങ്ങിയത്. വലിയ താരനിര അണിനിരന്ന ചിത്രം തിയ്യറ്ററുകളെ പൂരപറമ്പാക്കി വലിയ വിജയമായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒരുമിച്ചഭിനയിച്ച ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി.

പ്രേക്ഷകർ വലിയ ആവേശത്തോടെ സ്വീകരിച്ച ചിത്രം ബോക്സ് ഓഫിസിൽ സൂപ്പർഹിറ്റായി മാറി. 30 കോടി രൂപയാണ് ചിത്രം നേടിയത്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ പ്രതിഫലം വാങ്ങാതെയാണ് അന്ന് താരങ്ങൾ ചിത്രത്തിൽ പ്രവർത്തിച്ചത്.

ഇങ്ങനെയൊരു ചിത്രം വീണ്ടും വരണമെന്ന് പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രമുഖ താരങ്ങളെല്ലാം അഭിനയിക്കുന്ന ഒരു ചിത്രം വീണ്ടും അമ്മയുടെ നേതൃത്വത്തിൽ വരുന്നുണ്ടെന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. കോവിഡ് ലോക്ക് ഡൗൺ പ്രതിസന്ധി സിനിമാ മേഖലയെ രൂക്ഷമായി ബാധിച്ചതോടെ പണം സ്വരൂപിക്കാൻ ഇത്തരത്തിൽ വീണ്ടുമൊരു ചിത്രം എടുക്കാൻ അമ്മ തീരുമാനിച്ചത്.

ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം 2021ൽ റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. രാജീവ്കുമാറായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. വലിയ താരനിരയെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന തിരക്കഥ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്.