പ്രതിഫലം പകുതിയായി കുറച്ച് മോഹൻലാൽ, കൂട്ടിയ താരങ്ങൾക്കെതിരെ നടപടി.
കോവിഡ് മഹാമാരി ലോകത്തെ തന്നെ മൊത്തത്തിൽ എല്ലാ വിധത്തിലും ബാധിച്ചിരുന്നു. കോവിഡ് എല്ലാ വ്യാവസായിക തൊഴിൽ മേഖലകളെയും മോശമായി ബാധിച്ചു കഴിഞ്ഞു. പല മേഖലകളും പതിയെ കരകയറി വരികയാണ്. പൂർണമായും തകർന്നിരുന്ന മലയാള സിനിമ മേഖല ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. നിർത്തിവെച്ച പല സിനിമകളുടെയും പുതിയ ചില സിനിമകളുടെയും പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ മറികടക്കുവാൻ താരങ്ങളുടെ പ്രതിഫലം കുറക്കുവാൻ നിർമ്മാതാക്കൾ അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ചില താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറായില്ലെന്ന വാർത്തകൾ വന്നിരുന്നു. പ്രതിഫലം കുറച്ചവരുടെ ചിത്രങ്ങൾക്ക് മാത്രമേ ചിത്രീകരണ അനുമതി നൽകിയിട്ടുള്ളൂ. മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ദൃശ്യം 2 ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തിന് വേണ്ടി മുൻ ചിത്രത്തേക്കാൾ പകുതി പ്രതിഫലമേ മോഹൻലാൽ വാങ്ങിയിട്ടുള്ളൂ എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ ടോവിനോ 25 ലക്ഷം രൂപ പ്രതിഫലം കൂട്ടിയെന്നും അസോസിയേഷൻ പറഞ്ഞു. പ്രതിഫലം ഉയർത്തിയവരുടെ ചിത്രങ്ങൾക്ക് ചിത്രീകരണാനുമതി നിഷേധിക്കുകയും അവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ അറിയിച്ചു.
