“എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മുരളിക്ക് ഞാന്‍ ശത്രുവായി.അത്രത്തോളം വികാരപരമായി അടുത്ത ആള്‍ക്കാരാണ് ഞങ്ങള്‍”.
ഒട്ടനേകം കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടനാണ് മുരളി. നായകനായും പ്രതിനായകനായും സഹനടനായും മുരളി ചെയ്ത് അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഏറെയാണ്. താരം വിടപറഞ്ഞിട്ട് 11 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. 2009 ഓഗസ്റ്റ് 6ന് ആണ് മുരളി അന്തരിച്ചത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 165 ഓളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്.
ഇപ്പോൾ മുരളിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ഒരു കാലത്ത് തന്റെ എല്ലാമായിരുന്ന മുരളി എന്തിനാണ് അകന്നു പോയതെന്ന് അറിയില്ലെന്ന് മമ്മൂട്ടി. എങ്കിലും ഇന്നും അതൊരു വേദനയായി മനസിന്റെ കോണില്‍ കിടക്കുകയാണ് എന്നാണ് മമ്മൂട്ടി കൈരളിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. ഒരു ഇമോഷണൽ കണക്ഷൻ താനും മുരളിയുമായി ചെയ്യുന്ന കഥാപാത്രങ്ങൾക്കുണ്ടായിരുന്നു എന്നും മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ :
“ഞാനും മുരളിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളില്‍ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ഒരു ഇമോഷണല്‍ ലോക്ക് ഉണ്ടായിരിക്കും. അമരത്തിലായാലും ഇന്‍സ്പെക്ടര്‍ ബല്‍റാമിലായാലും അതുണ്ട്. ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ് ഞാന്‍. കഴിക്കാത്ത ആളുമാണ്. ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണ്. അത്രത്തോളം വികാരപരമായി അടുത്ത ആള്‍ക്കാരാണ് ഞങ്ങള്‍. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മുരളിക്ക് ഞാന്‍ ശത്രുവായി. അദ്ദേഹം പിന്നെയങ്ങ് അകന്നകന്ന് പോയി. വേറെ എന്തെങ്കിലും കാരണങ്ങളുണ്ടാകാം.”താനൊന്നും ചെയ്തിട്ടില്ലെന്നും ആ വേർപാട് ഇന്നും ഒരു വിങ്ങലായി മനസ്സിൽ ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു.