”വിനീത് എന്ന സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ എനിക്ക് നല്ല പേടിയാണ്”. അജു വര്ഗീസ് പറയുന്നു.

ഒരുപറ്റം നവാഗതരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്‌.
ഈ ചിത്രത്തിലൂടെ മലയാള സിനിമക്ക് പല താരങ്ങളെയും ലഭിച്ചു. നിവിൻ പോളി, അജു വർഗീസ് എന്നിവർ ഇതിൽ പ്രമുഖരാണ്. നിവിനോടൊപ്പം വിനീത് തുടർച്ചയായി സിനിമകൾ ചെയ്‌തെങ്കിലും തട്ടത്തിൻ മറയത്ത് എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ അജു ഉണ്ടായിരുന്നില്ല.
വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്ന് അജു വര്‍ഗീസ് തുറന്നു പറയുന്നു. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയ്ക്ക് ശേഷം എട്ട് വര്‍ഷം കഴിഞ്ഞാണ് വിനീതിനൊപ്പം വീണ്ടും സിനിമ ചെയ്തത്. ഒരു ഇംപ്രൂവ്‌മെന്റുമില്ലേ എന്ന് വിനീതിന് തോന്നുമോ എന്ന ഭയം മൂലം വിനീതിന്റെ പുറകില്‍ നിന്നാണ് മോണിറ്ററിലേക്ക് നോക്കാറെന്നും അജു പറഞ്ഞു.
അജുവിന്റെ വാക്കുകൾ :

“വിനീതിനോടും ധ്യാനിനോടും അടുപ്പമുണ്ട്… സൗഹൃദമുണ്ട്. അതു രണ്ടും രണ്ടു രീതിയിലാണ്. വിനീതിനോട് എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ കഴിയില്ല. പണ്ട് സുഹൃത്ത് ആയിരുന്നപ്പോഴും അങ്ങനെ ഒന്നും പറയാറില്ല. ഇപ്പോള്‍ എന്റെ മനസില്‍ ഒരു മെന്ററുടെ സ്ഥാനമാണ് വിനീതിന്. അതുകൊണ്ട് ഒട്ടും പറയില്ല. തട്ടത്തിന്‍ മറയത്ത് സിനിമ കഴിഞ്ഞിട്ട് വിനീത് സംവിധാനം ചെയ്ത ഒരു സിനിമയില്‍ ഞാനിപ്പോഴാണ് അഭിനയിക്കുന്നത്. എട്ടു വര്‍ഷം കഴിഞ്ഞു. വേറെ സിനിമകളില്‍ കൂടെ അഭിനയിച്ചിട്ടുണ്ട്. അതു കുഴപ്പമില്ല. എന്നാല്‍ വിനീത് എന്ന സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ എനിക്ക് നല്ല പേടിയാണ്. ഇത്ര വര്‍ഷം കഴിഞ്ഞ് ഞാന്‍ അഭിനയിക്കുന്നത് മോണിറ്ററില്‍ കാണുമ്പോള്‍, ‘ഇവന് ഇത്ര കാലമായിട്ടും യാതൊരു ഇംപ്രൂവ്‌മെന്റ് ഇല്ലല്ലോ’ എന്ന് വിനീതിന് തോന്നുമോ എന്ന പേടി എന്റെ ഉള്ളിലുണ്ട്. ആ പേടിയോടെ വിനീതിന്റെ പുറകില്‍ നിന്ന് ടെന്‍ഷനടിച്ച് മോണിറ്ററില്‍ നോക്കുന്ന എന്റെ ഒരു ഫോട്ടോ ഞാന്‍ പങ്കുവച്ചിരുന്നു. ഞാന്‍ അറിയാതെ സെറ്റിലാരോ എടുത്ത ചിത്രമാണ്. അതില്‍ എന്റെ മുഖത്ത് ആ ടെന്‍ഷന്‍ കാണാം. അതു സത്യമാണ്. ആ ടെന്‍ഷന്‍ എനിക്കുണ്ട്.” അജുവും ലെനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് അരുൺ ചന്ദു സംവിധാനം ചെയ്ത സാജൻ ബേക്കറി എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!