‘ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഹൃദയം.’ വിവരങ്ങളുമായി നിർമ്മാതാവ്
ലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും, ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനും ആയി മാറിയ യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദർശന രാജേന്ദ്രൻ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബും ക്യാമറ ചലിപ്പിക്കുന്നത് വിശ്വജിത്തു മാണ്. മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയായ ഈ സിനിമയുടെ ചിത്രീകരണം ഏകദേശം പൂർത്തി യായി.
സിനിമയുടെ നിർമ്മാതാവായ വൈശാഖ് സുബ്രഹ്മണ്യനും അജു വർഗീസും ചേർന്ന് നിർമ്മിക്കുന്ന സാജൻ ബേക്കറി എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു ഓൺലൈൻ മീഡിയ ചാനലിനോട് സംസാരിക്കവേയാണ് വിശാഖ് ഹൃദയത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നും അങ്ങനെ ആ കാലഘട്ടത്തിൽ ഒരാളുടെ ജീവിതത്തിൽ കടന്നു വരാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും ഈ ചിത്രത്തിന്റെ കഥയിലും കടന്നു വരുമെന്നും വിശാഖ് പറയുന്നു. ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ‘ആദി ‘ ആണ് പ്രണവിന്റെ ആദ്യ ചിത്രം. ഈ സിനിമയിൽ പ്രണവ് കാഴ്ച്ചവെച്ച പാർക്കോർ രംഗങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു. എന്നാൽ ഹൃദയത്തിൽ ആക്ഷൻ ഇല്ലെന്നും പ്രണവിലെ നടനെയാണ് കാണാൻ സാധിക്കുക എന്നും ഇവർ വെളിപ്പെടുത്തി. കൂടുതൽ ആയൊന്നും ചിത്രത്തെ കുറിച്ച് പറയരുത് എന്ന് വിനീതിന്റെ നിർദേശമുണ്ടെന്നും അവർ പറഞ്ഞു.