ഒരു അച്ഛനെന്ന നിലയിൽ മകളെ കുറിച്ചോർത്തു അഭിമാനിക്കുന്ന നിമിഷമാണ് ഇത്. മോഹൻലാൽ പറയുന്നു.
മലയാളികളുടെ പ്രിയങ്കരനായ മഹാനടൻ മോഹൻലാൽ അടുത്തിടെ സ്വന്തം മകളെ കുറിച്ച് എഴുതിയ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. പൊതുവേദികളിൽ കണ്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഏറെ പരിചിതയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ഈ കഴിഞ്ഞ കോവിഡ് ലോക്ക് ഡൌൺ സമയത്തു തായ്ലൻഡിൽ ആയിരുന്ന വിസ്മയ എന്ന മായ മോഹൻലാൽ അവിടെ മുഅയ് തായ് എന്ന ആയോധന കല പഠിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആയോധന കല പഠിച്ച വിസ്മയ മോഹൻലാൽ വലിയ ഫിസിക്കൽ മേക് ഓവർ നടത്തിയാണ് അവിടെ നിന്ന് തിരിച്ചു വന്നത്. കൂടിയ ശരീരഭാരം കാരണം ഏറെ ബുദ്ധിമുട്ടിയ താൻ തായ്ലൻഡിൽ എത്തിയതിനു ശേഷം 22 കിലോയാണ് കുറച്ചതെന്നും വിസ്മയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചു.
എന്നാൽ ഇതിനുമപ്പുറം ഒരു കലാകാരി കൂടിയായ മായ ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന വിവരം നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോൾ പ്രകാശനം ചെയ്യുന്ന തീയതിയടക്കം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നു. തന്റെ മകൾ സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് പ്രസിദ്ധീകരിക്കുന്ന ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് ‘ എന്ന പുസ്തകം ഫെബ്രുവരി 19ന് പുറത്തിറങ്ങുമെന്നും ഒരു അച്ഛനെന്ന നിലയിൽ മകളെ കുറിച്ചോർത്തു അഭിമാനിക്കുന്ന നിമിഷമാണ് ഇതെന്നും മോഹൻലാൽ പോസ്റ്റിൽ പങ്കുവെക്കുന്നു. കൂടാതെ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ സംവിധാന സഹായിയായി വിസ്മയ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാലിന്റെ മകനാണ്. ഏറെ പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിൽ അഭിനയിക്കുന്നു.