വിലായത്ത് ബുദ്ധ- ‘ഞാൻ സംവിധാനം ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു’. ജയൻ നമ്പ്യാർ പറയുന്നു.
അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. എന്നാൽ സച്ചിയുടെ വിയോഗത്തിന് ശേഷം ഈ ചിത്രം സംവിധാനം ചെയ്യാനുള്ള ദൗത്യം ശിഷ്യനായ ജയൻ നമ്പ്യാരിലേക്ക് എത്തുകയായിരുന്നു. ഇന്ദുഗോപനും രാജേഷ് പിന്നാടനുമാണ് ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്യുന്നത്. ഇവർ തന്നെയാണ് ഈ ചിത്രം ജയൻ സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ നടൻ പൃത്വിരാജും ഇതേ ആവശ്യം മുന്നോട്ട് വച്ചു.
എഴുത്തുകാരന് ജി. ആര് ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയൻ നമ്പ്യാരുടെ തന്നെ മറ്റൊരു ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം വിലായത് ബുദ്ധയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിക്കാനായിരുന്നു സച്ചി തീരുമാനിച്ചിരുന്നത്. ഇതിനായി മറയൂരിലെ ലൊക്കേഷൻ കാണുവാൻ പോകാൻ സച്ചി ജയനോട് ആവശ്യപ്പെട്ടിരുന്നു എന്നും അപ്രതീക്ഷിതമായി വന്ന ലോക്കഡൗൺ കാരണമാണ് അതിനു സാധിക്കാതെ വന്നതെന്നും ജയൻ ഒരഭിമുഖത്തിൽ പറഞ്ഞു. പൃഥ്വിരാജ് സുകുമാരന് നായകനാകുന്ന വിലായത്ത് ബുദ്ധയുടെ ഛായാഗ്രഹണം ജോമോൻ ടി ജോണും സംഗീതം ജേക്സ് ബിജോയും എഡിറ്റിംഗ് മഹേഷ് നാരായണനുമാണ് കൈകാര്യം ചെയ്യുന്നത്. സച്ചിയുടെ സ്വപ്നചിത്രമായ വിലായത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പ്രിത്വിരാജ് ഏറെ വികാരഭരിതമായ കുറിപ്പിനോടൊപ്പമാണ് പങ്കുവെച്ചത്.