‘എന്റെ സിനിമയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന രണ്ടു പേരാണ് അവർ.! ഓർമ്മകൾ പങ്കുവെച്ച് പ്രിയദർശൻ.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത് മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് അദ്ദേഹം. മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴിലുമായി ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. കോമഡി ചിത്രങ്ങളായിരുന്നു പ്രിയൻ കൂടുതലായി ഒരുക്കിയത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും തുടങ്ങി പ്രേക്ഷക ഹൃദയങ്ങളിൽ എന്നും നിലനിൽക്കുന്ന സിനിമകളാണ് പ്രിയദർന്റേത്. പ്രിയദർശൻ സിനിമകളിൽ സ്ഥിരമായി അഭിനയിക്കുന്ന താരങ്ങളും ഒരുപാടുണ്ടായിരുന്നു. ഇപ്പോൾ അവരുടെ അഭാവം തന്നെ വലിയ രീതിയിൽ ബാധിച്ചുവെന്ന് തുറന്നു പറയുകയാണ് പ്രിയദർശൻ. പ്രിയദർശന്റെ വാക്കുകൾ;
ശരിക്കും പറഞ്ഞാൽ ഞാൻ എന്റെ സിനിമയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന രണ്ടു പേരാണ് ജഗതി ശ്രീകുമാറും കുതിരവട്ടം പപ്പുവും. അവർ എന്റെ സിനിമയ്ക്ക് ഉണ്ടാക്കി തന്ന റിസൾട്ട് വളരെ വലുതാണ്. ഈ രണ്ടു പേർ എന്റെ സിനിമയിലെ രണ്ടു പില്ലേഴ്സ് ആയിരുന്നു. ഇവർ പോയതോടെ ഒരു സീൻ എഴുതുമ്പോൾ ചിലപ്പോൾ എന്റെ മനസ്സിൽ ഒരു മുഖം വരുന്നില്ല. അത് കൊണ്ടാണ് ഈ രണ്ടുപേരും എന്റെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. താമരശ്ശേരി ചുരമായാലും, ടാസ്കി വിളിയായാലും പപ്പു ചേട്ടൻ മറുഭാഗത്തു നിന്നത് കൊണ്ടാണ് എനിക്ക് അങ്ങനെയുള്ള ഡയലോഗ് എഴുതാൻ കഴിഞ്ഞത്. കിലുക്കത്തിലായാലും, താളവട്ടത്തിലായാലും ജഗതി ശ്രീകുമാർ ഉള്ളത് കൊണ്ടാണ് അദ്ദേഹം ചെയ്യുന്ന കോമഡിയൊക്കെ ആ നിലയിൽ ചിന്തിക്കാൻ കഴിഞ്ഞത്. ഒരു കൊമേഡിയൻ ആയിട്ടുള്ള ആക്ടർ ആണ് ജഗതി എന്ന് പറയാനേ ഞാൻ ഇഷ്ടപ്പെടുന്നില്ല. ജഗതി ഒരു മഹാ നടൻ തന്നെയാണ്. പ്രിയദർശൻ പറഞ്ഞു.