‘ദിലീപിന്റെ നായികയാവാൻ അവസരം ലഭിച്ചിരുന്നു’. നടക്കാതെപോയ ആഗ്രഹത്തെ കുറിച്ച് തമന്ന.
ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് തമന്ന ഭാട്ടിയ. മോഡലിങ്, പരസ്യ ചിത്രങ്ങൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിൽ സജീവമായ തമന്ന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തെന്നിന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത നായികനടിമാരിൽ ഒരാളാണ് തമന്ന. പ്രമുഖ താരങ്ങളുടെയും യുവ താരങ്ങളുടെയും നായികയായി തിളങ്ങിയ താരം പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. ബാഹുബലി, കെ.ജി.എഫ് തുടങ്ങിയ ബ്രഹ്മണ്ഡ ചിത്രങ്ങളിലും തമന്നയായിരുന്നു നായിക. ഇപ്പോഴിതാ മലയാള സിനിമയിൽ തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് തമന്ന. തമന്നയുടെ വാക്കുകൾ;
ചില മലയാള സിനിമകളിൽ അഭിനയിക്കാനുള്ള ഓഫറുകൾ തനിക്ക് വന്നിരുന്നു. എന്നാൽ കാൾഷീറ്റ് ഇല്ലാത്ത കാരണം കൊണ്ട് ആ അവസരങ്ങളെല്ലാം നിരസിക്കേണ്ടി വരികയായിരുന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ സിനിമ ഒഴിവാക്കേണ്ടി വന്നതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ട്. കൊവിഡിന് തൊട്ട് മുമ്പായി സന്ധ്യ മോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ചിത്രത്തിന് വേണ്ടി എന്നെ വിളിച്ചിരുന്നു. അതിന്റെ ചർച്ചകൾ നടക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 വന്ന് ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടാവുന്നത്. അതോടെ എല്ലാം താറുമാറായി. ഇനിയും നല്ല കഥാപാത്രവും സംവിധായകനുമൊക്കെ ഒത്തു വന്നാൽ മലയാളത്തിൽ അഭിനയിക്കും. അതെന്റെ ആഗ്രഹമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ മലയാള ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും നിറയെ അവാർഡുകൾ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്. താരം പറഞ്ഞു.