കർഷക സമരത്തിൽ സൂപ്പർ താരങ്ങളുടെ മൗനം..! വിമർശനവുമായി സോഷ്യൽ മീഡിയ.
രാജ്യത്ത് നടക്കുന്ന കര്‍ഷക സമരം രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കർഷക സമരത്തെ കുറിച്ച് നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ ട്വിറ്ററിൽ കുറിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ കർഷകർ നടത്തുന്ന സമരത്തിന് നിരവധി വിദേശികളാണ് പിന്തുണ നൽകിയത്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രത്തിനെ പിന്തുണച്ച് പല താരങ്ങളും രംഗത്ത് വന്നു. എന്നാൽ ഇവർക്ക് വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. എന്നാൽ രാജ്യാന്തര സെലിബ്രിറ്റികളടക്കം നിരവധിപേർ കർഷക സമരത്തെ പിന്തുണച്ചിട്ടും മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കാത്തതിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഫേസ്ബുക് പോസ്റ്റുകളിൽ കമന്റുകളിലൂടെയാണ് കൂടുതൽ ആളുകളും വിമർശനങ്ങൾ ഉന്നയിക്കുന്നത്. കർഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള താരങ്ങളുടെ പോസ്റ്റുകൾക്കും നിലപാടുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.