“ആ വേദന അനുഭവിച്ചത് അഞ്ച് വർഷത്തോളം. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു” – നമിത.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരസുന്ദരിയാണ് നമിത. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഐറ്റം ഡാൻസിലൂടെയായിരുന്നു ആദ്യകാലത്ത് യുവാക്കളുടെ ഹരമായി മാറിയത്. പ്ലസ് സൈസ് ശരീരമുള്ള താരം ഒരുപാട് ഡാൻസ് പ്രകടനങ്ങളിലൂടെ നിരവധി സിനിമകളിൽ നമിത പ്രേക്ഷക ശ്രദ്ധ നേടി. സൂപ്പർഹിറ്റ് മലയാളം സിനിമയായ പുലിമുരുകനിലും താരം ഒരു മികച്ച വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു നമിതയുടെ ജൂലി എന്ന കഥാപാത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കുകയും പഴയകാല അനുഭവങ്ങൾ തുറന്നു പറയുകയും ചെയ്യാറുണ്ട്. തമിഴും മലയാളവുമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ വേഷത്തിൽ തിളങ്ങിയിരുന്ന തെന്നിന്ത്യൻ മാദകറാണി ആയിരുന്നു നമിത.
1998ൽ പതിനേഴാമത്തെ വയസ്സിൽ സൗന്ദര്യമത്സരത്തിൽ മിസ് സൂറത്തായി തിരഞ്ഞെടുക്കപ്പെട്ടു. 2001ൽ മിസ് ഇന്ത്യ പേജന്റ് സൗന്ദര്യമത്സരത്തിൽ തേഡ് റണ്ണറപ്പായി. തുടർന്ന് നമിത മോഡലിംഗ് ചെയ്യാൻ തുടങ്ങി വിവിധ കമ്പനികളുടെ പരസ്യങ്ങൾക്ക് മോഡലായി. മോഡലിംഗ് രംഗത്ത് നിന്നുമാണ് നമിത സിനിമയിലേക്കെത്തിയത് 2002ൽ സൊന്തം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രവും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് വൈറലാകുന്നത്. കുറേ വർഷം മുമ്പുള്ളതും ഇപ്പോഴത്തെഴും ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. താരം ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ; മുമ്പും ശേഷവും. ഇടത് വശത്ത് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രം ഏകദേശം ഒമ്പതോ പത്തോ വർഷത്തെ പഴക്കം കാണും. എന്നാൽ വലത് വശത്തുള്ള ചിത്രം ഒന്ന് രണ്ട് മിനുറ്റുകൾക്ക് മുമ്പെടുത്തതാണ്. ഈ ഫോട്ടോസ് പങ്കുവെക്കാനുള്ള യഥാർഥ കാരണം വിഷാദത്തെ കുറിച്ചുള്ള അവബോധം മറ്റുള്ളവർക്ക് കൊടുക്കുക എന്നത് മാത്രമാണ്. ഇടത് വശത്തുള്ള ചിത്രം ഞാൻ കടുത്ത വിഷാദത്തിൽ ആയിരിക്കുമ്പോഴുള്ളതാണ്.
ആ സമയത്ത് ചെയ്തിരുന്ന ഏറ്റവും മോശമായ ആ കാര്യം പോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ വളരെയധികം അസ്വസ്ഥയാണെന്നും മാത്രമേ അറിയാമായിരുന്നുള്ളു. രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഭക്ഷണത്തെ മാത്രമാണ് ഞാൻ ആശ്രയിച്ചത്. എല്ലാ ദിവസവും പിസ ഓർഡർ ചെയ്ത് വാങ്ങുമായിരുന്നു. പെട്ടെന്ന് തന്നെ എന്റെ ശരീരം തടിച്ച് ഷേപ്പ് ഇല്ലാതെയുമായി. 97 കിലോ ആയിരുന്നു എന്റെ ഏറ്റവും കൂടിയ ശരീരഭാരം. ഞാൻ മദ്യത്തിന് അടിമയാണെന്ന് ആളുകൾ ഗോസിപ്പ് പറയാനും തുടങ്ങി. എനിക്ക് പിസിഒഡിയും തൈറോയിഡും ഉണ്ടെന്ന് കണ്ടെത്തുകയും അതെനിക്ക് അറിയാമായിരുന്നു. അന്നൊക്കെ എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നും, ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സമാധാനം തരാൻ ആർക്കും കഴിയില്ലെന്ന് കരുതി. എന്നാൽ അഞ്ചര വർഷത്തെ വിഷാദരോഗത്തിനൊടുവിൽ ഞാൻ എന്റെ കൃഷ്ണനെ കണ്ടെത്തി. പിന്നാലെ മഹാമന്ദ്ര മെഡിറ്റേഷനും ചെയ്യാൻ തുടങ്ങി. ഞാൻ ഒരിക്കലും ചികിത്സയ്ക്ക് വേണ്ടി ഡോക്ടറുടെ അടുത്ത് പോയിട്ടില്ല. എന്റെ ധ്യാനങ്ങളും കൃഷ്ണനോടൊപ്പം ഭക്തിയിൽ ചിലവഴിച്ച സമയങ്ങളിലുമാണ് എന്റെ ചികിത്സ. ഒടുവിൽ ഞാൻ സമാധാനവും അനന്തമായ സ്നേഹവും കണ്ടെത്തി. നമ്മൾ പുറത്ത് അന്വേഷിച്ച് നടക്കാതെ നമ്മളുടെ ഉള്ളിലാണ് എല്ലാമുള്ളതെന്ന് കണ്ടെത്തുക. ഈ പോസ്റ്റ് കൊണ്ട് താനുദ്ദേശിച്ചത് അത്രമാത്രമാണ്. താരം കുറിച്ചു.