‘ആ വാക്കുകൾ എനിക്ക് കിട്ടിയ ഭാഗ്യമാണ്.! – ദളപതിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് മാസ്റ്റർ നായിക.
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ യുവതാരമാണ് വിജയ്. വിജയ് നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം മാസ്റ്റർ തകർപ്പൻ വിജയമായി മുന്നേറുകയാണ്. ലോക്ഡൗൺ കാരണം അടച്ചിട്ടിരുന്ന തീയ്യറ്ററുകൾ തുറന്നത് മാസ്റ്റർ റിലീസ് ചെയ്ത് കൊണ്ടാണ്. മാസ്റ്ററിൽ നായികയായി അഭിനയിച്ച് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മാളവിക മോഹനൻ. ബോളിവുഡിൽ ക്യാമറാമാനായ മലയാളിയായ കെ.യു മോഹനന്റെ മകളാണ് മാളവിക. സിനിമാപാത പിന്തുടർന്ന് മാളവികയും ഇന്ന് വളരെ ആരാധകരുള്ള ഒരു താരമാണ്. തന്റെ ആദ്യ സിനിമകൊണ്ട് തന്നെ വലിയ രീതിയിൽ താരം പ്രേക്ഷക ശ്രദ്ധ നേടി.
അതിന് ശേഷം മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരം ചെയ്തു. ഇപ്പോഴിതാ മാളവിക വിജയിയെ കുറിച്ചും മാസ്റ്റർ എന്ന ചിത്രത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാളവികയുടെ വാക്കുകൾ; സംവിധായകൻ ലോകേഷ് കനകരാജ്, വിജയ്, വിജയ് സേതുപതി ഇവരെല്ലാം ഏതു നടിയുടെയും ബക്കറ്റ് ലിസ്റ്റിലുള്ള പേരുകളാണല്ലോ. ഒരു വർഷം മുമ്പാണ് മാസ്റ്ററിന്റെ ഷൂട്ട് കഴിഞ്ഞത്. ഇപ്പോഴും വിജയ് പറഞ്ഞ വാക്കുകൾ മനസ്സിലുണ്ട്. അഭിനയം തുടരണം, മികച്ച ഭാവിയുണ്ട് എന്ന്. അധികം സംസാരിക്കാത്ത ഒരാളിൽ നിന്ന് ഇങ്ങനെയൊരു കമന്റ് കിട്ടുന്നത് വലുതല്ലേ. കഴിഞ്ഞ വർഷം ഏപ്രിൽ പതിമൂന്നിനാണ് മാസ്റ്റർ റിലീസ് ചെയ്യേണ്ടിയിരുന്നത്. ഞങ്ങളെല്ലാം വലിയ ത്രില്ലിലായിരുന്നു. അപ്പോഴാണ് കൊവിഡ് കാരണം തിയറ്റർ അടച്ചിട്ടത്. അടുത്ത സിനിമ ധനുഷിനൊപ്പമുള്ള ഡി ഫോർ ത്രീയാണ്. താരം പറഞ്ഞു.