വിവാദങ്ങളെ മറികടന്ന് പാർവതിയുടെ “വർത്തമാനം” ഫെബ്രുവരി 19ന് .!
ശ്രദ്ധേയമായ അഭിനയം കൊണ്ടും തന്റെ നിലപാടുകൾ കൊണ്ടും ശ്രദ്ധ നേടിയ താരമാണ് പാർവതി തിരുവോത്ത്. 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ പാർവതി നോട്ട്ബുക്ക് എന്ന സിനിമയ്ക്ക് ശേഷം ഒരു വലിയ ഇടവേളയെടുത്തു. എന്നാൽ പിന്നീട് തിരിച്ചുവന്നപ്പോൾ താരത്തിന് കിട്ടിയത് കൈനിറയെ ഹിറ്റ് സിനിമകളാണ്. ഇപ്പോൾ മലയാള സിനിമയിലെ മുന്‍നിര നായികയാണ് പാര്‍വ്വതി. തന്റെ ശക്തമായ നിലപാടുകളിലൂടെ ഏറേ ആരാധകരെ സ്വന്തമാക്കിയ പാര്‍വതി സമൂഹത്തിലും സിനിമ മേഖലയിലും നടക്കുന്ന എല്ലാ സംഭവങ്ങളിലും പ്രതികരണമറിയിക്കാറുണ്ട്.
ഇപ്പോഴിതാ സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിൽ പാര്‍വതി നായികയായ പുതിയ ചിത്രം വര്‍ത്തമാനം റിലീസിന് ഒരുങ്ങുകയാണ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് ആര്യാടന് ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഫെബ്രുവരി 19നാണ് തിയേറ്ററുകളിൽ എത്തുന്നത്. രാജ്യവിരുദ്ധ പ്രമേയം ഉൾക്കൊള്ളുന്ന ചിത്രമെന്ന് പറഞ്ഞു സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. അതിനെച്ചൊല്ലി പല വിവാദങ്ങളും ഉടലെടുത്തിരുന്നു. എന്നാൽ അവസാനം മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റങ്ങളോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്.