മോഹൻലാൽ ചിത്രത്തിനായി സന്തോഷ് ശിവൻ 21 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു.
മലയാളികളുടെ സൂപ്പർ താരം മോഹൻലാൽ സംവിധാനം ചെയ്യാൻപോകുന്ന ചിത്രമാണ് ബാറോസ്; ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ. 2019ലാണ് മോഹൻലാൽ തന്റെ സ്വപ്ന പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമ കോവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടുപോയത്. ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ബാറോസ് ഒരുക്കുന്നത്. മലയാള സിനിമയിൽ പുതുമകൾക്ക് തുടക്കമിട്ട പടയോട്ടം,മൈഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിജോ പുന്നൂസ് ആണ് ബാറോസ് ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമിക്കുന്നത്.

താരനിരയിലെ ചില പുതുമുഖങ്ങളെയും സംഗീത സംവിധാനം നിര്വഹിക്കുന്ന ലിഡിയന് നാദസ്വരത്തെക്കുറിച്ചും മാത്രമാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ കാമറ ചലിപ്പിക്കാൻ എത്തുന്നത് പ്രസ്ത ചായഗ്രാഹകൻ സന്തോഷ് ശിവൻ ആണ്. സന്തോഷ് ശിവൻ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. മോഹൻലാൽ, ജിജോ എന്നീ ഇതിഹാസങ്ങൾക്കൊപ്പം ബാറോസ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയെ ലോക സിനിമയുടെ മുന്നിൽ എത്തിക്കാൻ താനും എത്തുന്നു എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞത്.

ഒരുപാട് വിജയചിത്രങ്ങൾ മോഹൻലാലും സന്തോഷ് ശിവനും ഒരുമിച്ചപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷമാണ് സന്തോഷും മോഹൻലാലും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമക്ക്. ഇരുവർ, കാലാപാനി, യോദ്ധ, ഇന്ദ്രജാലം, പവിത്രം, നിർണ്ണയം, ഗാന്ധർവം, നമ്പർ 20 മദ്രാസ് മെയിൽ, അപ്പു, അഹം എന്നീ ചിത്രങ്ങൾക്ക് പുറമെ ഷാജി എൻ കരുൺ ഒരുക്കിയ ദേശീയ പുരസ്കാരം നേടിയ വാനപ്രസ്ഥം എന്ന ചിത്രത്തിലാണ് മോഹൻലാൽ- സന്തോഷ് ശിവൻ ടീം ഇതിനു മുൻപ് ഒന്നിച്ചു ജോലി ചെയ്തത്.

മോഹൻലാൽ തന്നെ നായകനാകുന്ന ബാറോസിൽ സ്പാനിഷ് അഭിനേത്രി ആയ പാസ് വേഗ, റാഫേൽ അമാർഗോ എന്നിവരും അഭിനയിക്കും. ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ, അതിന്റെ ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ബാക്കി ചിത്രീകരണം പൂർത്തിയാക്കിയായിരിക്കും ബാറോസ് തുടങ്ങുന്നത്.